തിരുവമ്പാടി: സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിവന്ന ബ്ലാക്ക്മാന്‍ പിടിയില്‍. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. തിരുവമ്പാടി കൂമ്പാറയില്‍ ടിപ്പര്‍ ഡ്രൈവറായ മഞ്ചേരി സ്വദേശി പ്രിന്‍സ് റഹ്മാനെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടിയത്. മലയോരമേഖല നീണ്ടനാളായി ഭയപ്പാടിലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പേടിപ്പിക്കുന്നതിലായിരുന്നു ബ്ലാക്ക്മാന്‍ ലഹരി കണ്ടെത്തിയിരുന്നത്. തിരുവമ്പാടി മേഖലയിലെ പല വീടുകളിലും രാത്രിയില്‍ ജനലില്‍ മുട്ടുക, സ്ത്രീകളെ ഭയപ്പെടുത്തുക ഇങ്ങനെയൊക്കെ ആയിരുന്നു വിളയാട്ടം.
ചെറുപ്പക്കാര്‍ ഇയാളെ പിടികൂടാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിദഗ്ധമായി വെട്ടിച്ചു കടന്നുകളയുകയായിരുന്നു പതിവ്. കുറച്ചുദിവസമായി സംശയംതോന്നി നാട്ടുകാര്‍ പ്രിന്‍സ് റഹ്മാനെ നിരീക്ഷിച്ചുവരുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ മുറിയില്‍നിന്നു പുറത്തുപോയ ഇയാളെ യുവാക്കള്‍ രഹസ്യമായി പിന്തുടര്‍ന്നു. കൂമ്പാറ മൃഗാശുപത്രി പരിസരത്തുനിന്നാണ് സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്. തിരുവമ്പാടി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.