പണിക്കൂലി കുടിശ്ശിക ആയി; കരാറുകാരന്റെ വീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.

തിരുവല്ല: പണികൂലിയിലെ കുടിശ്ശിക ആവശ്യപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കരാറുകാരന്റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പ്രതിഷേധവുമായി തൊഴിലാളികള്‍ എത്തിയതറിഞ്ഞ് ഗാര്‍ഹികനിരീക്ഷണത്തിലുള്ള കരാറുകാരന്‍ ക്വാറന്റീന്‍ ലംഘിച്ച് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി. ക്വാറന്റീന്‍ ലംഘിച്ചാണ് കരാറുകാരന്‍ എത്തിയെതെന്ന് വൈകിയറിഞ്ഞ പൊലീസ് ക്വാറന്റീന്‍ ലംഘിച്ചതിന് കരാറുകാരെനെതിരെ കേസും എടുത്തു.

തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ ശേഖര്‍ എന്ന കരാറുകാരന്റെ ഉടമസ്ഥതയിലുള്ള പെരിങ്ങരയിലെ വീട്ടാണ് തൊഴിലാളികള്‍ ഉപരോധിച്ചത്. ശേഖറിന്റെ സൂപ്പര്‍വൈസറാണ് ഇപ്പോളിവിടെ താമസം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ജുദ്ദാബാന്‍ മൊണ്ടാലിന് ഞായറാഴ്ച പകലാണ് പ്രതിഷേധത്തിനിടെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങരയിലെ കരാറുകാരന്റെ വീട്ടില്‍ ശനിയാഴ്ചയാണ് തൊഴിലാളികള്‍ എത്തിയത്. ഇവര്‍ പതിനഞ്ച് പേരുണ്ട്. പണിക്കൂലിയിനത്തില്‍ ഒരുലക്ഷത്തില്‍പരം രൂപ ലഭിക്കാനുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.


ലോക്ഡൗണിനിടെ തമിഴ്നാട്ടില്‍പോയ കരാറുകാരന്‍ ശേഖര്‍ 10 ദിവസംമുമ്പ് മടങ്ങിയെത്തി കറ്റോട് വാടകവീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നതറിഞ്ഞ് ഇയാള്‍ തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി നേരിട്ടെത്തി. പരാതിനല്‍കി മടങ്ങി മണിക്കൂറുകള്‍ക്കുശേഷമാണ് ഗാര്‍ഹിക നിരീക്ഷണത്തിലുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് ക്വാറന്റീന്‍ ലംഘിച്ചതിന് ഇയാളുടെ പേരില്‍ കേസെടുത്തത്. പൊതുമരാമത്ത് വകുപ്പില്‍നിന്നടക്കം മൂന്നുകോടി രൂപയോളം തനിക്ക് ലഭിക്കാനുണ്ടെന്നും അതു കിട്ടിയാലുടന്‍ തൊഴിലാളികളുടെ പണം കൊടുത്തുതീര്‍ക്കാമെന്നാണ് ഇയാള്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം