കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണിലെ 22 ഗ്രാമ പഞ്ചായത്തുകളില്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ ജില്ലയിലെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ജോലികള്‍ പുനഃരാരംഭിക്കുന്നത്.
ജില്ലയില്‍ 11 ബ്ലോക്കുകളിലും 71 ഗ്രാമ പഞ്ചായത്തുകളിലുമായി മൊത്തം 2.23 ലക്ഷം തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തു. ഇതില്‍ 1.05 ലക്ഷം കാര്‍ഡ് കിട്ടിയ തൊഴിലാളികള്‍ സജീവ തൊഴില്‍ പങ്കാളികളാണെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക് ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തിലധികം പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു.
പിന്നീട് ഘട്ടങ്ങളായി വിവിധ ജില്ലകളില്‍കളില്‍ പ്രവൃത്തികള്‍ പുനഃരാരംഭിച്ചപ്പോള്‍ സാമൂഹിക അകലം, മാസ്‌കുകള്‍ തുടങ്ങി കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കണ്ണൂരിലും പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു. ധാരാളം ആളുകള്‍ ഉള്‍പ്പെടുന്ന തൊഴിലുകള്‍ 5 പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാണ് ചെയ്യുന്നത്. കോവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ ദിനങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിന് കഴിയാതിരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിനെക്കാള്‍ 9 ശതമാനം അധികം തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത് .15,000 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭ്യമാക്കി.
42.92 ലക്ഷം തൊഴില്‍ ദിനങ്ങളാണ് ഈ വര്‍ഷം ലക്ഷ്യം വച്ചിരിക്കുന്നത്. കോവിഡ് 19 ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനനുസരിച്ച് പ്രവൃത്തികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നതിന് മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ജലസംരക്ഷണം, വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍, വെള്ളപൊക്ക നിയന്ത്രണത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോള്‍ ലക്ഷമിട്ടിരിക്കുന്നത്. വ്യക്തിഗത ജീവനോപാധിക്കു പുറമേ സ്ഥിരമായ വരുമാനത്തിനും പ്രാധാന്യം നല്‍കിയാകും പ്രവൃത്തികള്‍ നടപ്പാക്കുക.