മോദി മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തും

ന്യൂഡല്‍ഹി ഏപ്രിൽ 8: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ യോഗത്തിന് ശേഷമുണ്ടാകും. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും. ആദ്യ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.

രാജ്യത്ത് കൊറോണയെ തുടര്‍ന്നുണ്ടായ മരണത്തിലും രോഗ വ്യാപനത്തിലും 24 മണിക്കൂറിനിടെ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 773 പേര്‍ക്ക് രോഗവും 35 മരണവുമാണ് ചൊവ്വാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 5194 ആകുകയും മരണം 149-ലെത്തുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം