കേരളത്തിൽ ഇന്ന് ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഈ ആറുപേരും വിദേശത്ത് നിന്നും വന്നവരാണ്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. വീട്ടിലെ നിരീക്ഷണത്തിലുള്ള രണ്ടാമത്തെയാളെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിക്കും. കൊല്ലം സ്വദേശിയായ ആള്‍ തിരുവനന്തപുരത്ത് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിക്കുന്നതാണ്.

എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന ഒരാള്‍ ഇന്ന് നിര്യാതനായി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും (വിദേശി) പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 182 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 165 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 6067 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5276 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം