നിര്‍ഭയ കേസ്: അവസാനഘട്ട ഒരുക്കങ്ങളുമായി ജയില്‍ അധികൃതര്‍, പ്രതികളുടെ ഡമ്മി പരീക്ഷിച്ചു

ന്യൂഡല്‍ഹി മാര്‍ച്ച് 18: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തീഹാര്‍ ജയില്‍ അധികൃതര്‍. അതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് കഴിഞ്ഞ ദിവസം പ്രത്യേക കഴുമരമൊരുക്കി. ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തീഹാര്‍ ജയിലില്‍ ഉണ്ടായിരുന്നത്.

പ്രതികളുടെ തൂക്കത്തിന്‍റെ ഇരട്ടിഭാരമുള്ള മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. കഴുമരും സംവിധാനങ്ങളും പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍മാര്‍ പരിശോധിച്ചു. വധശിക്ഷയുമായി ബന്ധപ്പെട്ട അവസാന വട്ട തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.

പ്രതികള്‍ സ്വയം മുറിവേല്‍പ്പിക്കുന്നതുള്‍പ്പടെയുള്ള സാഹചര്യങ്ങള്‍ തടയാന്‍ തിങ്കളാഴ്ച മുതല്‍ സെല്‍ മുറിക്ക് പുറത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് കുമാര്‍ എന്നീ പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച രാവിലെ 5.30ന് നടപ്പാക്കാനാണ് കോടതിയുടെ വാറന്റ്‌.

Share
അഭിപ്രായം എഴുതാം