പക്ഷിപ്പനി: കോഴിക്കോട് പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും

കോഴിക്കോട് മാര്‍ച്ച് 12: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ വളര്‍ത്തുപക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വെയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പ്രാദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും പോലീസും ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം ഉണ്ടാകും.

കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവുമധികം സേനാംഗങ്ങള്‍ ഇറങ്ങുക. നടപടികള്‍ തടഞ്ഞാല്‍ കേസെടുക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ സംഘം ഇന്നലെ പക്ഷിപ്പനി ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

പാലക്കാടും കുട്ടനാടും പക്ഷിപ്പനി ഇല്ലെന്ന് സ്ഥിരീകരിച്ചു. താറാവുകള്‍ ചത്തതിന്റെ കാരണം ബാക്ടീരിയും ചൂടുമാണെന്ന് പരിശോധനയില്‍ വ്യക്തമായി. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്.

Share
അഭിപ്രായം എഴുതാം