കെല്‍ട്രോണ്‍ നിര്‍മ്മിച്ച ട്രാഫിക് പാര്‍ക്കിലും ക്രമക്കേടെന്ന് വിജിലന്‍സ്

കണ്ണൂര്‍ ഫെബ്രുവരി 14: കേരളത്തില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് പോലീസിനായി കെല്‍ട്രോണ്‍ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മിച്ച ട്രാഫിക് പാര്‍ക്കിലും ക്രമക്കേടെന്ന് കണ്ടെത്തല്‍. കണ്ണൂരില്‍ 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ ചെലവഴിച്ച തുകയ്ക്കുള്ള നിര്‍മ്മാണം നടന്നില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ വിശദ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ഉദ്ഘാടത്തിന് മുന്‍പേ തകര്‍ന്ന് തുടങ്ങിയ ട്രാഫിക് പാര്‍ക്ക് പോലീസും ഏറ്റെടുത്തിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണത്തിനായി സിഗ്നല്‍ സംവിധാനം അടക്കമുള്ള ട്രാഫിക് പാര്‍ക്ക് എന്നതായിരുന്നു മൂന്ന് ജില്ലകളില്‍ ഒരു കോടി ചെലവിട്ട ട്രാഫിക് പാര്‍ക്കിന്റെ ലക്ഷ്യം. കണ്ണൂരില്‍ 35 ലക്ഷം രൂപ ചെലവില്‍ ചാല ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്ഥാപിച്ച ട്രാഫിക് പാര്‍ക്കില്‍ നിര്‍മ്മിച്ച റോഡിലെ ട്രാഫിക് ചിഹ്നങ്ങള്‍ മാഞ്ഞുതുടങ്ങി. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ചില സിഗ്നല്‍ കാലുകള്‍ ഇളകിപ്പോന്നു. ഇരിപ്പിടങ്ങള്‍ അടക്കം ഇതിനോടകം തകര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം