മാന്‍കുത്തിമേട്ടിലെ ജൈവസമ്പന്നഭൂമി ഉഴുതു നശിപ്പിക്കാന്‍ ഓഫ് റോഡ് ജീപ്പ് ഡ്രൈവുമായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ഇടുക്കി : 08-06-2022 ചതുരംഗപ്പാറ വില്ലേജിലെ മാന്‍കുത്തിമേട്ടില്‍ നാട്ടുകാരും പരിസ്ഥിതിഗവേഷകനായ റിട്ടയേര്‍ഡ് പ്രൊഫസറും ചേര്‍ന്ന് സംരക്ഷിച്ചുവന്ന ജൈവവൈവിധ്യം നിറഞ്ഞ റവന്യൂഭൂമി ഉഴുതുമറിച്ച് ഓഫ് റോഡ് ജീപ്പ് ഓട്ടവും കുതിരസവാരിയും നടത്താന്‍ ടൂറിസം പദ്ധതി. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഇടുക്കി ജില്ലാ-ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് പരിപാടി തുടങ്ങിവയ്ക്കുന്നത്.

തമിഴ്‌നാട് അതിര്‍ത്തിയിലാണ് മാന്‍കുത്തിമേട്. നെടുംകണ്ടം എം ഇ എസ് കോളേജില്‍ നിന്നും വിരമിച്ച അദ്ധ്യാപകനായ പ്രൊഫസര്‍ ജോണികുട്ടി ഒഴുകയിലും കുടുംബാംഗങ്ങളും പ്രകൃതിസ്‌നേഹികളായ നാട്ടുകാരും ചേര്‍ന്ന് സംരക്ഷിച്ചിരുന്ന റവന്യൂഭൂമിയാണ് സ്വകാര്യകമ്പനിയ്ക്ക് വേണ്ടി റവന്യൂ-ടൂറിസം വകുപ്പുകള്‍ ചേര്‍ന്ന് ടൂറിസം പദ്ധതിയ്ക്കായി നിയമവിദഗ്ദ്ധമായി പരിവര്‍ത്തനപ്പെടുത്തുന്നത്.

പരിസ്ഥിതി ഗവേഷകനായ ജോണികുട്ടി കോളേജില്‍ നിന്ന് വിരമിച്ചതിനു ശേഷം മാന്‍കുത്തിമേട്ടില്‍ ഏഴ് ഏക്കര്‍ പട്ടയഭൂമി വാങ്ങുകയും അവിടെ താമസമാരംഭിക്കുകയും പട്ടയഭൂമിയിലടക്കം വംശനാശഭീഷണി നേരിടുന്ന സസ്യജനുസ്സുകള്‍ വളര്‍ത്തി സംരക്ഷിച്ചു വരികയാണ്. സ്വന്തം പട്ടയഭൂമിയിലെ ഏലംകൃഷി കൂടി നിര്‍ത്തിവച്ചാണ് ഈ സസ്യജനുസ്സുകളുടെ സംരക്ഷണം ആരംഭിച്ചത്. നാട്ടുകാരായ പ്രകൃതിസ്‌നേഹികളുടെ കൂടി പങ്കാളിത്തത്തോടെ ഇവരുടെ കൃഷിഭൂമിയുടെ പരിസരത്ത് തമിഴ്‌നാടന്‍ കാലാവസ്ഥയിലുള്ള വരണ്ടഭൂമികളില്‍ മരം വച്ചുപിടിപ്പിക്കുകയും പുല്‍മേട് സംരക്ഷിക്കുകയും ചെയ്തു വരികയായിരുന്നു.

ഈ പ്രദേശത്തെ ജൈവസമ്പത്തിനെപ്പറ്റിയും തമിഴ്‌നാടന്‍ വരണ്ട കാലാവസ്ഥയും കേരളത്തിന്റെ തണുപ്പും ഈര്‍പ്പവുംഉള്ള കാലാവസ്ഥയും സന്ധിക്കുന്ന പ്രദേശമായതിനാല്‍ പുതിയ സസ്യജനുസ്സുകള്‍ രൂപപ്പെടാനുള്ള സാഹചര്യവും വിവരിക്കുന്ന പഠനറിപ്പോര്‍ട്ട് ജൈവവൈവിധ്യബോര്‍ഡിനും മറ്റും നല്‍കുകയും ചെയ്തിട്ടുണ്ട്. ജൈവവൈവിധ്യ മേഖലയായി ബോര്‍ഡിനും പഞ്ചായത്തിനും കീഴില്‍ ഈ പ്രദേശം സംരക്ഷിക്കണവെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇവിടെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍ സ്വാധീനക്കാരായ സ്വകാര്യ കമ്പനി ടൂറിസം പദ്ധതിയുമായി രംഗപ്രവേശം ചെയ്തു. കുതിരസവാരിയും ഓഫ് റോഡ് ജീപ്പ് ഡ്രൈവിംഗിനുമായി സംരക്ഷിത പ്രദേശം ഉപയോഗിക്കുവാനായിരുന്നു നീക്കം. എതിര്‍പ്പിനെ തുടര്‍ന്ന് ജോണിക്കുട്ടി ഭൂമി കയ്യേറി വച്ചിരിക്കുകയാണെന്ന ആരോപണവും നടപടിയുമായി റവന്യൂ ഉദ്യോഗസ്ഥര്‍ മുമ്പോട്ട് വന്നു.

ജൈവസമ്പത്ത് സംരക്ഷിച്ചവരെ കുറ്റക്കാരും കയ്യേറ്റക്കാരായും ചിത്രീകരിച്ചായിരുന്നു നീക്കം. മാധ്യമപ്രചരണവും സംഘടിപ്പിച്ചു. പിന്നാലെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെ രംഗത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സി തന്നെ റവന്യൂ ഭൂമി ടൂറിസത്തിനായി വിനിയോഗിച്ചു തുടങ്ങുകയും പിന്നാലെ സ്വകാര്യകമ്പനിയുടേതാക്കാനുമാണ് ലക്ഷ്യം. പ്രാദേശിക രാഷ്ട്രീയ നേതാക്കളും ടൂറിസം പദ്ധതിക്കുവേണ്ടി രംഗത്തു വന്നിട്ടുമുണ്ട്. തൊഴില്‍ ലഭിക്കുമെന്ന പ്രലോഭനത്തില്‍ നാട്ടുകാരില്‍ ചിലരും ആദിവാസികളും പദ്ധതിക്ക് ഒപ്പം അണിനിരന്നിട്ടുമുണ്ട്.

Share
അഭിപ്രായം എഴുതാം