വാളയാര്‍ പീഡനകേസ്: അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് എസ് പി ശിവവിക്രം

കൊച്ചി ഫെബ്രുവരി 10: വാളയാര്‍ പീഡനകേസ് അന്വേഷണത്തില്‍ പോലീസിന് തുടക്കത്തില്‍ വീഴ്ച പറ്റിയെന്ന് എസ് പി ശിവവിക്രം. വാളയാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെയാണ് എസ് പി മൊഴി നല്‍കിയത്. ആദ്യം കേസ് അന്വേഷിച്ച എസ്ഐക്ക് തെളിവ് ശേഖരണത്തിലും തുടര്‍ അറസ്റ്റ് നടപടികളിലുമാണ് വീഴ്ചയുണ്ടായത്. എന്നാല്‍ പിന്നീട് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിഴവ് പറ്റിയിട്ടില്ലെന്നും ശിവവിക്രം മൊഴി നല്‍കി.

2017 ജനുവരി 13നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന്ശേഷം മാര്‍ച്ച് 4ന് സഹോദരിയായ ഒന്‍പത് വസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

Share
അഭിപ്രായം എഴുതാം