കര്‍ണാടക സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്

ബെംഗളൂരു ഫെബ്രുവരി 6: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10 എംഎല്‍എമാര്‍ക്ക് പുതുതായി മന്ത്രിസ്ഥാനം ലഭിക്കും. ഡല്‍ഹിയില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ഉണ്ടായതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്ഭവനില്‍ വ്യാഴാഴ്ച രാവിലെ10.30ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. കൂറുമാറി ബിജെപിയില്‍ ചേരുകയും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്ത എംഎല്‍എമാരില്‍ മഹേഷ് കുമത്തള്ളി മാത്രമാണ് മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെടാത്തത്. ഇദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹത്തിന് സുപ്രധാനമായ സ്ഥാനം തന്നെ നല്‍കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാരാണ് നിലവില്‍ യെദ്യൂരപ്പ മന്ത്രിസഭയിലുള്ളത്. 34 മന്ത്രിസ്ഥാനങ്ങളില്‍ 16 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

Share
അഭിപ്രായം എഴുതാം