വനിതാ കമ്മാന്റര്‍മാരെ സൈന്യത്തില്‍ നിയമിക്കാത്തത് പുരുഷന്മാര്‍ അംഗീകരിക്കാത്ത തിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 5: വനിതാ കമ്മാന്റര്‍മാരെ സൈന്യത്തില്‍ നിയമിക്കാത്തത് പുരുഷന്മാര്‍ അംഗീകരിക്കാത്തതിനാലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ഓഫീസര്‍മാരെ യുദ്ധ തടവുകാരാക്കുന്നത് ഒഴിവാക്കാനാണ് ഇവരെ കമ്മാന്റര്‍ പോസ്റ്റില്‍ നിയമിക്കാത്തതെന്നും വിശദീകരിച്ചു. കമ്മാന്റര്‍ പോസ്റ്റില്‍ നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ ചില വനിതാ ഓഫീസര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള പുരുഷാധിപത്യ സമൂഹത്തില്‍ നിന്ന് വന്ന സൈനികര്‍ക്ക് വനിതകളെ മാനസികമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പ്രസവാവധി, മാതൃത്വം, വീട്ടിലെ ചുമതലകള്‍ എന്നിവ കൂടിയാകുമ്പോള്‍ സ്ത്രീകള്‍ക്ക് കമ്മാന്റര്‍മാരായിരിക്കുക ദുഷ്കരമായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. മീനാക്ഷി ലേഖി, ഐശ്വര്യ ഭാട്ടി എന്നിവര്‍ കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്തു. പാകിസ്ഥാന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ത്തമാന്‍ തകര്‍ത്തപ്പോള്‍ ഫ്ളൈറ്റ് കണ്‍ട്രോളറായിരുന്നത് മിന്റി അഗര്‍വാള്‍ എന്ന സ്ത്രീയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യുദ്ധത്തിന് അവര്‍ക്ക് യുദ്ധ സേവാ മെഡല്‍ നല്‍കിയതും അവര്‍ എടുത്തു പറഞ്ഞു.

പോലീസ് സേനയിലും സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് ആദ്യം തടസവാദങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് കോടതി പറഞ്ഞു. കാലം മാറുന്നത് അനുസരിച്ച് ചിന്താഗതിയിലും മാറ്റം വരണം. അവര്‍ക്ക് (സ്ത്രീകള്‍ക്ക്) നിങ്ങള്‍ അവസരം നല്‍കുവെന്നും അവരുടെ മികവ് അവര്‍ പ്രവര്‍ത്തിച്ച് തെളിയിക്കുമെന്നും കോടതി പറഞ്ഞു.

Share
അഭിപ്രായം എഴുതാം