റിയാദ് ജനുവരി 23: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. സൗദിയില്‍ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് യുവതിയെ പരിചരിച്ച നഴ്സുമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ പരിചരണമോ ഭക്ഷണമോ നല്‍കുന്നില്ലെന്നാണ് നഴ്സുമാരുടെ പരാതി. ഫിലിപ്പീന്‍സ് യുവതിയെ ശുശ്രൂഷിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.
അബഹ അല്‍ ഹയാത്ത് ആശുപത്രിയിലെ മുപ്പത് മലയാളി നഴ്സുമാരാണ് ദുരിതത്തില്‍ കഴിയുന്നത്. ആവശ്യത്തിന് ഭക്ഷണവും മരുന്നും കിട്ടുന്നില്ലെന്ന് നഴ്സുമാര്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി. രോഗബാധയേറ്റോയെന്ന് സ്ഥിരീകരിക്കാന്‍ സ്രവം കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചു.