രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി ജനുവരി 3: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് യോഗം ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് അംഗങ്ങളുണ്ട്.

നിയമസഭ പാസാക്കിയ പ്രമേയമായതിനാല്‍ മുഖ്യമന്ത്രിയേക്കാള്‍ ഉത്തരവാദിത്തം സ്പീക്കര്‍ക്കാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് ഇടപെടാന്‍ സമിതിക്ക് പരിമിതിയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് മത വിവേചനത്തിന് ഇടയാക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. രാജ്യമെങ്ങും ആശങ്ക ശക്തമാണെന്നും അതിനാല്‍ നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് പ്രമേയത്തില്‍ ഉള്ളത്.

Share
അഭിപ്രായം എഴുതാം