തൃശ്ശൂരില്‍ 2020 ജനുവരി 1ന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ‘കാലാവസ്ഥാ വലയം’ സൃഷ്ടിക്കുന്നു

തൃശ്ശൂര്‍ ഡിസംബര്‍ 20: കാലാവസ്ഥാ വ്യതിയാനത്തിനെതിരായി ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നുവന്നിരിക്കുന്ന യുവജന-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോട് സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികളും ഐക്യപ്പെടുകയാണ്. സ്റ്റുഡന്റ്‌സ് ഫോര്‍ ക്ലൈമറ്റ് റെസിലിയന്‍സിന്റെ നേതൃത്വത്തിലാണ് 2020 ജനുവരി 1ന് ഉച്ചയ്ക്ക് 2 മണി മുതല്‍ തൃശ്ശൂര്‍ റൗണ്ടില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ‘കാലാവസ്ഥാ വലയം’ സൃഷ്ടിക്കുന്നത്. ഗ്രെറ്റ തന്‍ബര്‍ഗിനോടൊപ്പം കാലാവസ്ഥാ ഉച്ചക്കോടിയില്‍ പ്രതിഷേധവുമായെത്തിയ റിദ്ദിമ പാണ്ഡേ എന്ന പന്ത്രണ്ടുവയസുകാരിയും പരിപാടിയില്‍ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനം വലിയൊരു പ്രതിസന്ധിയായി നമുക്ക് മുന്നില്‍ അവതരിച്ചിരിക്കുകയാണ്. 2018ലും 2019ലും പ്രളയവും കൊടുങ്കാറ്റും കേരളത്തെയും കടന്നാക്രമിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 5ന് ലോകത്തിലെ 153 രാജ്യങ്ങളിലെ 11,258 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ആഗോളതലത്തില്‍ കാലാവസ്ഥ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുവെന്നായിരുന്നു പ്രസ്താവന. ഈ നൂറ്റാണ്ടിലെ തന്നെ കൊടി വിപത്തായി മാറാന്‍ പോകുന്ന കാലാവസ്ഥ വ്യതിയാനത്തോട് നമ്മുടെ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും അവഗണനാപൂര്‍ണ്ണമായാണ് സമീപിക്കുന്നത്. ഇതിനെതിരെയുള്ള പ്രതികരണമായാണ് വിദ്യാര്‍ത്ഥികളും മറ്റും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് വരുന്നത്.

Share
അഭിപ്രായം എഴുതാം