ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിഎസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആറ് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.

സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതിയില്‍ നിന്ന് തെലങ്കാന സര്‍ക്കാരിനെതിരെ ഉണ്ടായത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് തെലങ്കാന വേണ്ടി കോടതിയിലെത്തിയത്. പ്രതികള്‍ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവക്കേണ്ടി വന്നതെന്ന് മുകുള്‍ റോത്തഗി വാദിച്ചു. പ്രതികള്‍ക്ക് തോക്ക് എവിടെ നിന്ന് കിട്ടിയെന്നും പോലീസിന് നേരെ അവര്‍ വെടിവച്ചപ്പോള്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റെന്ന് സര്‍ക്കാരിന്‍റെ മറുപടി. ഏറ്റമുട്ടലില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെലങ്കാന സര്‍ക്കാര്‍ നിയമപരമായ നടപടിയെടുത്താല്‍ സുപ്രീംകോടതി ഇടപെടില്ല. അല്ലെങ്കില്‍ ഇടപെടുമെന്നും സത്യം ജനങ്ങള്‍ക്ക് അറിയണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

യുവഡോക്ടറായ ദിശയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തീകൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെയാണ് തെലങ്കാന പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം