എസ്ഐയുടെ ആത്മഹത്യ: ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനുമാണ് കാരണമെന്ന് കുറിപ്പ്

ആത്മഹത്യ ചെയ്ത എസ്ഐ അനില്‍കുമാര്‍

ഇടുക്കി ഡിസംബര്‍ 5: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ അനില്‍കുമാറിനെ ഇന്നലെ വിഷം കഴിച്ച നിലയില്‍ വാഴവരയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് മരിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. എഎസ്ഐ നടത്തിയ തിരിമറികള്‍ അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് വീട്ടുവളപ്പില്‍ വിഷം കഴിച്ച നിലയില്‍ അനില്‍കുമാറിനെ കണ്ടെത്തിയത്.

അക്കാദമിയിലാണ് വര്‍ഷങ്ങളായി അനില്‍കുമാര്‍ ജോലി ചെയ്യുന്നത്. അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് ക്യാന്‍റീന്‍ കുറച്ചുകാലമായി നടന്നുവരുന്നത്. ഇതിന്റെ ഭാരം താങ്ങാനാകുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

എസ്ഐ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രശ്നങ്ങള്‍മൂലമാണ് എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരുടെ പീഡനം മൂലമാണെന്ന് കാണിച്ചുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്. അന്വേഷണം ഇതുവരെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല.

Share
അഭിപ്രായം എഴുതാം