കൊച്ചി : കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് (03.12.2024)പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ ചാന്‍സലര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധം
സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനം. ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നാണ് സര്‍ക്കാരിന്റെ വാദം. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാരിന്റെ വാദം


