കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് ലോഞ്ച് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒദ്യോഗികമായി ഉദ്ഘാടനം ചെയതത്. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ പരിപോഷണത്തിനും വളർച്ചയ്ക്കും ഉതകുന്ന ഒരു പുതിയ ചുവടുവെയ്പ്പായി സി- സ്പെസ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഒടിടി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചു. സിനിമ പ്രദർശനത്തിന്റെ ചരിത്രത്തിലെ വർത്തമാന കാല ഏടായി മാറുകയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. മാറുന്ന ആസ്വാദന രീതികളുടെ പുതിയ സങ്കേതങ്ങളാണവ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളും കളറും കടന്ന് വെർച്വൽ റിയാലിറ്റിയിലും ഓക്മെന്റൽ റിയാലിറ്റിയിലും എഐയിലും എല്ലാം വന്നെത്തിയിരിക്കുകയാണ്. സിനിമ പ്രദർശനത്തിലും ആസ്വാദനത്തിലും അതിനനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, പിണറായി വിജയൻ വ്യക്തമാക്കി.

നിർമ്മാതാക്കൾ തിയേറ്ററിൽ ചിത്രം പ്രദർശിപ്പക്കാതെ നേരിട്ട് ഒടിടിയിൽ പ്രദർശിപ്പിക്കുന്നത് സിനിമ വ്യവസായത്തിന് നഷ്ടമുണ്ടാക്കുന്നുവെന്നാണ് തിയേറ്ററുടമകളും ഡിസ്ട്രിബ്യൂട്ടേഴ്സും പറയുന്നത്. അത് കണക്കിലെടുത്ത് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങളായിരിക്കും സി സ്പേസിൽ തിരഞ്ഞെടുക്കുക. കാണുന്ന ചിത്രങ്ങൾക്ക് മാത്രം പണം നൽകേണ്ടി വരുന്ന പേപ്പർ വ്യു രീതിയാണ് സി സ്പേസിൽ അവലംബിച്ചിട്ടുള്ളത്. ഒരു ഫീച്ചർ ഫിലിം കാണാൻ 75 രൂപ. കുറഞ്ഞ ദൈർഘ്യമുള്ള ചിത്രങ്ങൾക്ക് അതിനനുസരിച്ചുള്ള നിരക്ക്. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ നേർപകുതി നിർമ്മാതാവിനോ പകർപ്പകവകാശമുള്ള വ്യക്തിക്കോ സ്ഥാപനത്തിനോ ആണ് ലഭിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു

Share
അഭിപ്രായം എഴുതാം