ലോക്സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സീറ്റ് നിര്‍ണയം അനിശ്ചിതത്വത്തില്‍

ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ദില്ലിയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉടന്‍ ദില്ലിയിലെത്തും.
സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും വയനാട് സീറ്റില്‍ രാഹുല്‍ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആരംഭിക്കുക. എങ്കിലും സ്ഥാനാർഥി നിർണയം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകള്‍ തുടരുകയാണ്.
കനുഗോലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ടയിലും മാവേലിക്കരയിലും ആലത്തൂരിലും സിറ്റിംഗ് എംപിമാരെ മാറ്റണമെന്ന നിര്‍ദേശമാണുളളത്. ആന്റോ ആന്റണിയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ എംപി. മാവേലിക്കരയില്‍ ഏഴ് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിന്റെ നിലയും പരുങ്ങലിലാണ്.
ആലത്തൂരിലും സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ പൊതുവികാരം ഉണ്ടെന്നാണ് വിലയിരുത്തല്‍. മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയതോടെ ഹൈക്കമാന്‍ഡാണ് ഇനി അന്തിമ തീരുമാനമെടുക്കുക. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വരുമോയെന്ന കാര്യത്തിലും വയനാട് മണ്ഡലം സംബന്ധിച്ചും രാഹുല്‍ ഗാന്ധിയുടെ തീരുമാനവും നിര്‍ണായകമാണ്. ദേശീയ നേതാക്കളുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ വച്ച്‌ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

Share
അഭിപ്രായം എഴുതാം