രാമക്ഷേത്ര ഉദ്ഘാടന വേളയിൽ അയോധ്യയിലേക്ക് 36 ട്രെയിനുകൾ ഏർപ്പാടാക്കും: പ്രവീൺ ദാരേക്കർ.

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന വേളയിൽ നഗരത്തിലെ 36 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അയോധ്യയിലേക്ക് ഒരു ട്രെയിൻ എന്ന കണക്കിൽ ഏർപ്പാടാക്കാന്‍ മുംബൈ ബിജെപി പദ്ധതിയിടുന്നതായി മുതിർന്ന ബിജെപി നേതാവ് പ്രവീൺ ദാരേക്കർ. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്), വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി),മറ്റ് സംഘടനകൾ എന്നിവയുമായി ഏകോപിപ്പിച്ചാണ് കാര്യങ്ങൾ എല്ലാം ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ആവേശത്തിലാണ് ജനങ്ങൾ. 2024 ജനുവരി 22 ന് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ദിവസത്തിൽ ഞങ്ങൾ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ സമയത്ത് അയോധ്യയിലേക്കുള്ള ശ്രീരാമ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.അതിനാൽ തന്നെ എല്ലാ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും ഒരു ട്രെയിനെങ്കിലും വേണമെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. അതേസമയം കാര്യങ്ങൾക്ക് ഇതുവരെ ഒരു രൂപവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വളരെ പ്രാരംഭ ഘട്ടത്തിലാണ്, പക്ഷേ ശുഭ പ്രതീക്ഷയുണ്ട്” ദാരേകർ പറഞ്ഞു.

കൂടാതെ രാമക്ഷേത്രത്തെക്കുറിച്ചുള്ള ജനവികാരം കണക്കിലെടുത്ത്, ജനുവരി 22 ന്, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ തത്സമയ സ്‌ക്രീനിങ് മുംബൈയിലെ പലയിടത്തും പ്രദർശിപ്പിക്കും.കൂടാതെ പാർട്ടി വിവിധ പൊതുപരിപാടികളും സംഘടിപ്പിക്കും. വിഎച്ച്പിയാണ് മുഴുവൻ ജനസമ്പർക്ക പരിപാടിക്കും നേതൃത്വം നൽകുന്നത്. എല്ലാ കാര്യങ്ങളും എങ്ങനെയാണ് ആസൂത്രണം ചെയ്യേണ്ടത് എന്നും ആർക്കാണ് അതിന്‍റെ ഉത്തരവാദിത്വം നൽകേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തമായ ചിത്രം ഈയാഴ്ച തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം