തൃക്കൊടിത്താനത്ത് വെയ്റ്റിംഗ് ഷെഡിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തൃക്കൊടിത്താനം : തൃക്കൊടിത്താനത്ത് വെയ്റ്റിംഗ് ഷെഡിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി 28 കോളനി ഭാഗത്ത് പള്ളിക്കമറ്റം വീട്ടിൽ ജിതിൻ മോഹനൻ (23), ഇയാളുടെ പിതാവായ മോഹനൻ പി.ജോർജ് (48), കൊല്ലം കരുനാഗപ്പള്ളി വേങ്ങര ഭാഗത്ത് അഞ്ജു ഭവനം വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അരുൺകുമാർ എസ് (24), മലപ്പുറം പുളിയിലങ്ങാടി ഭാഗത്ത് നാലുകണ്ടൻ വീട്ടിൽ മുഹമ്മദ് റോഷൻ (22), പത്തനംതിട്ട പുളിക്കീഴ് സീറോ ലാൻഡ് ഭാഗത്ത് കാവിൽതെക്കേതിൽ വീട്ടിൽ അൻവർ (22) മാടപ്പള്ളി കണിച്ചുകുളം ഭാഗത്ത് ചിറയിൽ വീട്ടിൽ ക്രിസ്റ്റിൻ രാജു (25), കറുകച്ചാൽ ശാന്തിപുരം ഭാഗത്ത് കാലായിൽ വീട്ടിൽ അജിൽ കുമാർ (25), മാടപ്പള്ളി വെളിയം ഭാഗത്ത് തട്ടാരുപറമ്പിൽ വീട്ടിൽ വിജയ് റ്റി. എ (25), കറുകച്ചാൽ ശാന്തിപുരം വെളിയം ഭാഗത്ത് കരിങ്ങാമറ്റം വീട്ടിൽ സുബിൻ ജോർജ് (21), കറുകച്ചാൽ ശാന്തിപുരം ഭാഗത്ത് കരിങ്ങണാമറ്റം വീട്ടിൽ നൃപൻ ജോൺ (28) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടുകൂടി മോഹനനും സംഘവും ചേർന്ന് മാമൂട് ജംഗ്ഷനിലുള്ള വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കൾ ഇവിടെയിരുന്ന് മോഹനനെയും,മകനെയും ചീത്ത കമന്റ് പറഞ്ഞു എന്ന് ആരോപിച്ചായിരുന്നു സോഡാ കുപ്പി കൊണ്ട് ഇവര്‍ യുവാക്കളെ ആക്രമിച്ചത്. ഈ കേസിലാണ് ജിതിൻ പി മോഹനൻ, മോഹനൻ പി. ജോർജ്, അൻവർ ഹുസൈൻ,അരുൺകുമാർ, മുഹമ്മദ് റോഷൻ, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിനുശേഷം 11:30 മണിയോടുകൂടി സുബിനും സുഹൃത്തുക്കളും ചേർന്ന് മോഹനന്റെ വീട്ടിൽ അതിക്രമിച്ചു കയറി സിമന്റ് കട്ട കൊണ്ട് ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

വെയ്റ്റിംഗ് ഷെഡിൽ വച്ച് സുബിനെയും, സുഹൃത്തിനെയും ആക്രമിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് മോഹനന്റെ വീട്ടിൽ കയറി ആക്രമിച്ചത്. ഈ കേസിലേക്കാണ് വിജയ്,സുബിൻ ജോർജ്, അജിൽകുമാർ, ക്രിസ്റ്റിൻ രാജു, നൃപൻ എന്നിവരെ അറസ്റ്റ് ചെയ്തത്.

പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ 10 പേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ് ഐ അഖിൽദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ 10 പേരെയും റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം