ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ഹരിയാണയിലും ഡൽഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അപകടനിലയും പിന്നിട്ടാണ് യമുനയിലെ നീരൊഴുക്ക്.

ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ എല്ലാ സ്‌കൂളുകൾക്കും 2023 ജൂലൈ 11 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. നഴ്‌സറി ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഡൽഹി വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച അവധി നൽകി.

ഹിമാചൽ പ്രദേശിൽ ബ്യാസ് നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചതായി പോലീസ് സൂപ്രണ്ട് മണ്ഡി സൗമ്യ സാംബശിവൻ അറിയിച്ചു. സാഹചര്യം ഇപ്പോൾ നിയന്ത്രണത്തിലാണെന്നും അതിനാൽത്തന്നെ അപകടമരണങ്ങൾ കുറയ്ക്കാനായെന്നും അവർ പ്രതികരിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുകയും എല്ലാവിധ സഹായവും ഉറപ്പുനൽകുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം