മോസ്കോ :ശാസ്ത്രലോകത്തിന് ഇനിയും ഉത്തരം കിട്ടാത്ത ഏതോ അജ്ഞാത കാരണങ്ങളാൽ രൂപംകൊണ്ട അഗാധമായ ഒരു ഗർത്തം കൂടി കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ഒരു ടെലിവിഷൻ സംഘം. ഉത്തരധ്രുവത്തോടു ചേർന്ന് നിൽക്കുന്ന സൈബീരിയൻ ടൺഡ്രയിലാണ് ഏകദേശം 100 അടിയോളം താഴ്ചയുള്ള ഗർത്തം കണ്ടെത്തിയിട്ടുള്ളത്. 2013 നു ശേഷം സൈബീരിയയിലെ യാമാൽ – തൈമീർ മേഖലയിൽ കണ്ടെത്തുന്ന ഒൻപതാമത്തെ ഗർത്തമാണിത്. ഇവ എങ്ങനെയാണ് രൂപംകൊള്ളുന്നത് എന്നതു സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഇപ്പോഴും വ്യക്തമായ ധാരണയൊന്നുമില്ല.
സാധാരണനിലയിൽ മനുഷ്യർ കടന്നു ചെല്ലാത്ത വിദൂര മേഖലകളിലാണ് ഈ ഗർത്തങ്ങളെല്ലാം കാണുന്നത്. ഇവയുടെ രൂപീകരണത്തെക്കുറിച്ച് പല ധാരണകളും സൈബീരിയൻ ഗ്രാമങ്ങളിലുണ്ട്. അന്യഗ്രഹജീവികളുടെ പേടകങ്ങൾ ഇറങ്ങിയതാകാമെന്നും ഉൽക്കകൾ പതിച്ചുണ്ടായതാകാമെന്നും സൈന്യത്തിൻറെ രഹസ്യ ആയുധ സൂക്ഷിപ്പ് കേന്ദ്രമാകാമെന്നും നാട്ടുകാർ പറയുന്നു.
വ്യക്തമായ പഠനങ്ങൾ നടന്നിട്ടില്ല എങ്കിലും ‘ക്രയോവോൾക്കാനോ’ അല്ലെങ്കിൽ ‘ഐസ് വോൾക്കാനോകൾ ‘ എന്ന് വിളിക്കുന്ന പ്രതിഭാസമാകാം ഗർത്തങ്ങൾ സൃഷ്ടിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഉരുകിയ പാറയ്ക്കുപകരം വെള്ളം, അമോണിയ അല്ലെങ്കിൽ മീഥെയ്ൻ പോലുള്ളവ പൊട്ടിത്തെറിക്കുന്ന ഒരു തരം അഗ്നിപർവ്വതത്തെയാണ് ക്രയോവോൾക്കാനോ എന്നും ഐസ് അഗ്നിപർവ്വതം എന്നും വിളിക്കുന്നത്. അതായത് ‘അഗ്നി’ ഇല്ലാത്ത അഗ്നിപർവ്വതം.
നിതാന്ത ഹിമ പ്രദേശത്ത് ഭൗമോപരിതലത്തിനു തൊട്ടുതാഴെ സംഭരിക്കപ്പെടുന്ന മീഥെയ്ൻ വാതകം ശക്തമായ സ്ഫോടനത്തിലൂടെ ഇത്തരത്തിൽ പുറത്തുചാടുന്നതാകാം ഗർത്തങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നത് എന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. നിതാന്ത ഹിമത്താൽ ആവരണം ചെയ്യപ്പെട്ട ആർട്ടിക് ടെൻഡറിൽ അതിഭയാനകമായ അളവിൽ മീഥെയ്ൻ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അവ ചിലപ്പോൾ ഒരിടത്തു കേന്ദ്രീകരിച്ച് ഭൂമിയുടെ പുറംതോട് പൊട്ടിച്ച് പുറത്തു വരുന്നതാകാം ഇത്തരം
ഭീമൻ ദ്വാരങ്ങളുണ്ടാക്കുന്നത് എന്ന നിഗമനത്തിനാണ് എന്തായാലും ശാസ്ത്രലോകത്തിൻ്റെ പിന്തുണ.
‘എന്തുതന്നെയായാലും ഇവയുടെ രൂപീകരണം സംബന്ധിച്ച് ഇപ്പോൾ നമുക്ക് വ്യക്തതയൊന്നുമുണ്ടായിട്ടില്ല’ ഗവേഷകനായ യൂജെനി ഷാവലിൻ പറയുന്നു.
ഇങ്ങനെ മുൻകാലങ്ങളിൽ കണ്ടെത്തിയ ഗർത്തങ്ങളെല്ലാം ഒന്നോ രണ്ടോ വർഷം കൊണ്ട് തടാകങ്ങൾ ആയി പരിണമിച്ചതായാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് .
ആഗോളതാപനത്തിൻ്റെ ഫലമായി ആർടിക് ടൻഡ്രയിലെ മഞ്ഞുരുകി മീഥെയ്ൻ വാതകം പുറത്തുവരുന്നതിനെ വളരെ ആശങ്കയോടെയാണ് കാലാവസ്ഥ ശാസ്ത്രജ്ഞൻ നിരീക്ഷിക്കുന്നത്. മീഥൈൻ വാതകത്തിന് കാർബൺഡയോക്സൈഡിനേക്കാളും വേഗത്തിൽ ഭൂമിയെ ചൂട് പിടിപ്പിക്കാൻ കഴിയും എന്നതാണ് അവരെ ഭയപ്പെടുത്തുന്നത്.

