രാജ്യത്തെ 150 ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര അംഗീകാരം നഷ്ടപ്പെടും

ന്യൂഡല്‍ഹി: രാജ്യത്തെ 150 ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കുമുള്ള റെഗുലേറ്ററി ബോഡിയായ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത. വേണ്ടത്ര ഫാക്കല്‍റ്റികള്‍ ഇല്ലാത്തതും റെഗുലേറ്ററി ബോര്‍ഡിന്റെ നിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കാത്തതുമാണ് കാരണം. 40 മെഡിക്കല്‍ കോളേജുകള്‍ക്ക് ഇതിനകം തന്നെ അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കോളജുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് എന്‍എംസിയെ ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം.

ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ കോളജുകളാണ് പട്ടികയിലുള്ളത്. കമ്മിഷന്റെ അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ ഒരു മാസത്തിലേറെ നീണ്ട പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാതിരിക്കുക, ആധാര്‍ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജര്‍ നടപടിക്രമങ്ങളിലെ അപാകതകള്‍, ഫാക്കല്‍റ്റി റോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് റെഗുലേറ്ററി ബോര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്. ശരിയായ ക്യാമറ സ്ഥാപിക്കലും അവയുടെ പ്രവര്‍ത്തനവും ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ കോളേജുകള്‍ പാലിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പല മെഡിക്കല്‍ കോളജുകളിലും ബയോമെട്രിക് സൗകര്യം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഫാക്കല്‍റ്റികളുടെ കാര്യത്തില്‍, പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജുകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 30 ദിവസത്തിനകം എന്‍എംസിയില്‍ ആദ്യ അപ്പീല്‍ നല്‍കാം. അപ്പീല്‍ തള്ളിയാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിക്കാവുന്നതാണ്.

Share
അഭിപ്രായം എഴുതാം