25,000 കോടിയുടെ മയക്കുമരുന്ന് വേട്ട

കേസെടുക്കാന്‍
അനുമതി തേടി
എന്‍.ഐ.എ.

കൊച്ചി: പുറങ്കടലില്‍ ഇറാനിയന്‍ ഉരുവില്‍നിന്ന് 25,000 കോടി രൂപയുടെ മെത്താഫെറ്റാമിന്‍ പിടികൂടിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്ര ഡയറക്ടറേറ്റിന്റെ അനുമതി തേടി.
െവെകാതെ അനുമതി കിട്ടുമെന്നാണു പ്രതീക്ഷ. കേസെടുക്കുന്നതിന്റെ ഭാഗമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍നിന്ന് എന്‍.ഐ.എ. വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. 25000 കിലോ രാസലഹരി അയച്ചെന്നു കരുതുന്ന പാകിസ്താനിലെ ഹാജി സലിം എന്‍.ഐ.എ അന്വേഷിക്കുന്ന മറ്റ് പല കേസകളിലും പ്രതിയാണ്. 2021 മാര്‍ച്ച് 18-നു ശ്രീലങ്കന്‍ ബോട്ടില്‍നിന്ന് ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്ത കേസ് എന്‍.ഐ.എ. അന്വേഷിച്ചിരുന്നു. ലക്ഷദ്വീപിലെ മിനിക്കോയിക്കു സമീപത്തുനിന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മയക്കുമരുന്നു പിടികൂടിയ കേസില്‍ ആയുധങ്ങള്‍ സംബന്ധിച്ച അന്വേഷണമാണ് എന്‍.ഐ.എ. ഏറ്റെടുത്തത്. ആയുധങ്ങളും മയക്കുമരുന്നും കടത്തിയതു ഹാജി സലിമിന്റെ സംഘമാണെന്നു തിരിച്ചറിഞ്ഞിരുന്നു.
രാജ്യാന്തര മയക്കുമരുന്നു കടത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എക്കും അധികാരം നല്‍കി 2013-ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരമാണ് ഇറാനിയന്‍ ഉരുവിലെ മയക്കുമരുന്നു സംബന്ധിച്ചും എന്‍.ഐ.എ അന്വേഷണം ആരംഭിച്ചത്.
അതേസമയം, പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ പറഞ്ഞു. കൂടുതല്‍ മയക്കുമരുന്നു കടത്ത് കണ്ടെത്താന്‍ നാവികസേനയും തീരരക്ഷാസേനയും ഉള്‍പ്പെടെയുള്ളവയുമായി ചേര്‍ന്നു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം