കൊതുക് കടിച്ചു: ജര്‍മന്‍ പൗരന് 30 ശസ്ത്രക്രിയകള്‍ നടത്തി ഡോക്ടര്‍മാര്‍

ബെര്‍ലിന്‍: ജര്‍മന്‍ പൗരനായ സെബാസ്റ്റിയന്‍ റോസ്‌കിന് (27) ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല. ഇതുവരെ വിധേയമായത് 30 ശസ്ത്രക്രിയകള്‍ക്ക്. ഇതിനിടെ നാലാഴ്ച അബോധാവസ്ഥയിലും കഴിഞ്ഞു. രണ്ട് കാല്‍ വിരലുകളും നഷ്ടമായി. എല്ലാത്തിനും ഒരു കാരണമേയുള്ളൂ, കൊതുകുകടി. 2021 ലാണ് അദ്ദേഹത്തെ കൊതുകുകടിച്ചത്. പനിപോലെയുള്ള ലക്ഷണങ്ങളുമായാണ് റോഡെമാര്‍ക്കിലെ ആശുപത്രിയിലെത്തിയത്. നടക്കാന്‍ പോലും വയ്യാത്ത അവസ്ഥ. വിശദമായ അന്വേഷണത്തിനുശേഷം ഡോക്ടര്‍മാര്‍ കണ്ടെത്തി, കടിച്ചത് ഏഷ്യന്‍ കടുവ കൊതുക്. കൊതുക് കടിയേറ്റ സ്ഥലങ്ങളില്‍ ബാക്ടീരിയ ബാധയുണ്ടായതായിരുന്നു രോഗകാരണം.

ചര്‍മം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഭാഗികമായേ വിജയിച്ചുള്ളൂ. ഇതിനിടെ ബാക്ടീരിയ ബാധമൂലമുണ്ടായ വിഷം ബാധിച്ചു ഹൃദയം, വൃക്ക, കരള്‍ എന്നിവ തകരാറിലായി. ശ്വാസ തടസവും പലതവണയുണ്ടായി. ഇപ്പോഴും അദ്ദേഹം ചികിത്സയിലാണ്.പകല്‍ സമയം മനുഷ്യരെ ആക്രമിക്കുന്ന വിഭാഗത്തിലുള്ളവയാണ് ഏഷ്യന്‍ കടുവ കൊതുകുകള്‍. സിക്ക, ചിക്കുന്‍ഗുനിയ, വെസ്റ്റ്‌ നൈല്‍ വൈറസ്, ഡെങ്കിപ്പനി എന്നിവ ഇവ പടര്‍ത്താറുണ്ട്.

Share
അഭിപ്രായം എഴുതാം