ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍; പതിച്ചുനല്‍കിയ ഭൂമിയില്‍ നിര്‍മാണം വിലക്കി

തിരുവനന്തപുരം: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നതില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍. ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ സര്‍ക്കാര്‍ നിര്‍മാണം വിലക്കി. മണ്ണെടുപ്പ്, ഖനനം, നിര്‍മാണം എന്നിവ പാടില്ലെന്ന് റവന്യുവകുപ്പിന്റെ ഉത്തരവിറക്കി. പതിച്ചുനല്‍കിയ ഭൂമി കൃഷി, വീട്, വഴി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാനാകൂ. നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ എന്നിവര്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റവന്യു ഉത്തരവ്.

1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ ആലോചന, എല്ലാവര്‍ക്കും പട്ടയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതിയെന്നായിരുന്നു റവന്യു മന്ത്രി കെ രാജന്റെ നിലപാട്. 1964ലെ പട്ടയങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണ നിരോധനം ഇടുക്കിയില്‍ മാത്രമാണുണ്ടായിരുന്നത്. സുപ്രിംകോടതി വിധിയോടെ നിരോധനം സംസ്ഥാന വ്യാപകമാക്കുകയായിരുന്നു.

64ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചുനല്‍കുന്ന ഭൂമിയില്‍ വീട് നിര്‍മിക്കാനോ കൃഷി ചെയ്യാനോ ഉപയോഗിക്കാനാണ് വ്യവസ്ഥ. എന്നാല്‍ ഇത് മറികടന്ന് ചില കെട്ടിടങ്ങള്‍ പട്ടയഭൂമിയില്‍ നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇടുക്കിയിലാണ് ഇങ്ങനെ വ്യാപകമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഇവ പിന്നീട് റിസോര്‍ട്ടുകളായി മാറ്റുകയും ചെയ്യും. ഇതിനെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഈ വിലക്ക് സംസ്ഥാനത്തൊട്ടാകെ ബാധകമാക്കി. ഇതുമൂലം ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചുനല്‍കുന്ന ഭൂമിയില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയില്ല.

Share
അഭിപ്രായം എഴുതാം