സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ഭൂമാഫിയ -ഉദ്യോഗസ്ഥശ്രമം നടക്കുന്നതായി കടകംപളളി സുരേന്ദ്രന്‍

പോത്തന്‍കോട്‌ : പോത്തന്‍കോട്‌ ദേശീയപാതക്കുസമീപം കോടികള്‍ വിലമതിക്കുന്ന ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ഭൂമി കൈക്കലാക്കാന്‍ ശ്രമം നടക്കുന്നതായി കടകംപളളി സുരേന്ദ്രന്‍ എംഎല്‍എ ആരോപിച്ചു. കഴക്കൂട്ടം ബ്ലോക്ക്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന സ്ഥലമാണ് കോടതിയെ തെറ്റി ദ്ധരിപ്പിച്ച്‌ സ്വകാര്യ വ്യക്തിയെ മുന്‍ നിര്‍ത്തി തട്ടിയെടുക്കാനുളള ഭൂമാഫിയാ -ഉദ്യോഗസ്ഥ സംഘം ശ്രമം നടത്തുന്നതായി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ബ്ലോക്ക്‌ ഓഫീസ്‌ ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്‌.

1953ല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആസ്ഥാന വികസനത്തിനായി അബൂബക്കര്‍ എന്ന വ്യക്തി സര്‍ക്കാരിന്‌ സൈജന്യമായി കൈമാറിയതാണ്‌ ഈ ഭൂമി. എന്നാല്‍ അതേസ്ഥലത്ത്‌ ഇപ്പോള്‍ സിവില്‍സ്‌റ്റേഷന്‍ നിര്‍മിക്കാനുളള നീക്കം നിയമ വിരുദ്ധമാമെന്നും ഭൂമി തങ്ങളുടെ കുടുംബത്തിന്‌ തിരികെ നല്‍കണമെന്നും അന്നത്തെ സര്‍ക്കാരുമായുളള കരാര്‍ ചൂണ്ടിക്കാട്ടിയാണ്‌ സ്ഥലം വിട്ടുനല്‍കിയ അബൂബക്കറിന്റെ അവകാശി അബ്ദുള്‍കലാം രേഖകള്‍ സഹിതം കോടതിയെ സമീപിച്ചത്‌.

പരാതി ഫയലില്‍ സ്വീകരിച്ച കോടതി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌ത്‌ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയായിരുന്നു. മന്ത്രിയായിരുന്ന കടകംപളളി സുരേന്ദ്രന്റെ ശ്രമഫലമായി പ്രഖ്യാപിച്ച കഴക്കൂട്ടം മിനിസിവില്‍സ്റ്റേഷന്‍ പദ്ധതി ഒന്നാം പിണരായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്‌ . 38.50 കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയതിരുന്നു. ആധുനീക സൗകര്യങ്ങളോടുകൂടിയ 10 നില കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്‌.

Share
അഭിപ്രായം എഴുതാം