തിരുപ്പൂരില്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുപ്പൂര്‍: തിരുപ്പൂര്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ധാരാപുരം റോഡ് പൊല്ലികാളി പാളയത്തിന് സമീപം പുതുതായി നിര്‍മിച്ച നാലുവരി പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലില്‍ നിന്നാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. നാല് പ്രത്യേക സംഘങ്ങളായാണ് പോലീസ് അന്വേഷണം.വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പരിശോധന നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തിരുപ്പൂരിലെ വസ്ത്ര നിര്‍മാണ കയറ്റുമതി മേഖലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കിടയിലും അന്വേഷണം നടത്തിവരികയാണ്. രണ്ട് മാസം മുന്‍പ് സേലത്ത് നിന്നും സമാന രീതിയില്‍ സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ രണ്ടുസംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും. തിങ്കളാഴ്ചയാണ് അഴുക്കുചാലില്‍ രക്തക്കറയോട് കൂടിയ സ്യൂട്ട്‌കേസ് കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുപ്പൂര്‍ റൂറല്‍ പോലീസ് സ്ഥലത്തെത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം