എറണാകുളം: തമ്മനം – പുല്ലേപ്പെടി റോഡ് ശാപമോക്ഷത്തിലേക്ക് പ്രവൃത്തിവേഗത്തിലാക്കാന്‍ മന്ത്രി റിയാസിന്റെ ഇടപെടല്‍

എറണാകുളം: എറണാകുളം ജില്ലയുടെ കാലങ്ങളായുള്ള ആവശ്യത്തിന് ശാപമോക്ഷമാകുന്നു. തമ്മനം – പുല്ലേപ്പെടി റോഡ് വികസനം വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഭാഗികമായി സ്ഥലമേറ്റെടുപ്പ് കഴിഞ്ഞിട്ടും വര്‍ഷങ്ങളായി റോഡ് വികസനം സാധ്യമായിരുന്നില്ല. മന്ത്രി വിളിച്ചുചേര്‍ത്ത ജില്ലാതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് റോഡുമായി ബന്ധപ്പെട്ട പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

തമ്മനം-പുല്ലേപ്പെടി റോഡ് വികസനം അടിയന്തിരപ്രാധാന്യത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളില്‍ ബാക്കിഭാഗം ഏറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി കത്രിക്കടവ് ജംഗ്ഷന്‍ മുതല്‍ കാരക്കോടം പാലം വരെ പ്രവൃത്തി പൂര്‍ത്തീകരിക്കും. തുടര്‍ന്ന് കത്രിക്കടവ് ജംഗ്ഷന്‍ മുതല്‍ പത്മവരെയുള്ള ഭാഗത്തെയും എന്‍എച്ച് മുതല്‍ തമ്മനം വരെയും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. എല്ലാ മാസവും യോഗം ചേര്‍ന്ന് ഭൂമി ഏറ്റെടുക്കലിന്റെ പുരോഗതിവിലയിരുത്തി മന്ത്രിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

കിഫ്ബിയില്‍ ഉള്‍പ്പെട്ട കോര്‍പ്പറേഷന്‍ റോഡാണിത്. തമ്മനം-പുല്ലേപ്പെടി റോഡ് വികസിപ്പിച്ചാല്‍ കൊച്ചിനഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകും. നഗരത്തിന്റെ തിരക്കനുസരിച്ച് രണ്ട് വാഹനങ്ങള്‍ക്ക് പോകാന്‍ ആവശ്യമായ വീതി റോഡിനില്ല. വഴിയാത്രക്കാര്‍ക്ക് നടക്കാനുള്ള സൗകര്യവും കുറവാണ്. ഇന്‍ഫോപാര്‍ക്കിന്റെ സമാന്തര റോഡ് കൂടിയാണിത്. 

യോഗത്തില്‍ കൊച്ചി മേയര്‍ അനില്‍കുമാര്‍ എം, ഹൈബി ഈഡന്‍ എംപി, പി ടി തോമസ് എംഎല്‍എ, ടി ജെ വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ സുഹാസ് ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം