സംസ്ഥാനത്താകെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്താകെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പട്ടയ ഭൂമികളില്‍ നിന്നും നിയമവിരുദ്ധമായി മുറിച്ചുകടത്താന്‍ ശ്രമിച്ച എട്ടര കോടിയുടെ മരങ്ങളാണ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ പറഞ്ഞു. സംസ്ഥാനത്തെ വിവാദ മരംമുറിയില്‍ റവന്യുവകുപ്പിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. വയനാട് മുട്ടിലില്‍ ഉള്‍പ്പെടെ നടന്ന മരംമുറിയില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വനം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടയഭൂമിയില്‍ നിന്ന് 15 കോടി വിലമതിക്കുന്ന 2400 വന്‍മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്ന അനധികൃത മരം മുറിയുടെ വ്യാപ്തിയും ഉദ്യോസ്ഥരുടെ വീഴ്ചയും വ്യക്തമാക്കുന്നതാണ് വനം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് മരംമുറിച്ച് കടത്തല്‍ നടന്നത്. ഒന്‍പത് ജില്ലകളിലായി 14 കോടി രൂപ വിലമതിക്കുന്ന 2400 ഓളം വന്‍മരങ്ങള്‍ നഷ്ടമായെന്ന് വിജിലന്‍സിന്റെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാസിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.ഇവയില്‍ 90 ശതമാനവും തേക്കും ഈട്ടിയുമാണ്.

എട്ടരക്കോടിയുടെ മരങ്ങള്‍ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതില്‍ ഏറെയും തേക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 1900 ക്യൂബിക് മീറ്റര്‍ തടിയാണ് മുറിച്ച് കടത്തിയത്. ഇതില്‍ 1600 ക്യുബിക് മീറ്റര്‍ തേക്കും 300 ക്യൂബിക് മീറ്റര്‍ ഈട്ടിയുമാണ്. നേര്യമംഗലം, അടിമാലി എന്നിവിടങ്ങളില്‍ നിന്ന് മുറിച്ച് കടത്തിയ മരങ്ങള്‍ പൂര്‍ണമായി കണ്ടെത്താനായില്ല. എന്നാല്‍ തൃശൂരില്‍ നിന്ന് കടത്തിയ തേക്ക് 95 ശതമാനവും കണ്ടെത്തി. വയനാട്ടില്‍ നിന്ന് കടത്തിയ ഈട്ടിയും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഒക്ടോബര്‍ 24 ന് റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലെ പഴുത് ഉപയോഗിച്ചാണ് മരംമുറി നടന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. റവന്യൂവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. പട്ടയഭൂമിയില്‍ നിന്നും സര്‍ക്കാര്‍ ഭൂമിയില്‍ നിന്നുമാണ് മരങ്ങള്‍ നഷ്ടമായത്. മരംകൊള്ള തടയുന്നതിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും റവന്യൂ ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.. വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടര്‍മാര്‍ വരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ തുടര്‍നടപടി സ്വീകരിക്കുകയോ ചെയ്തില്ല. വയനാട് ഒഴികെയുള്ള ജില്ലകളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തടി കൊണ്ട് പോകാന്‍ വനംവകുപ്പ് പാസ് നല്‍കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയാണ് ഇനി നിര്‍ണായകമാവുക.

Share
അഭിപ്രായം എഴുതാം