കൊല്ലം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിശ്ചിത കാലയളവില്‍ റീസര്‍വേ പൂര്‍ത്തിയാക്കും- മന്ത്രി കെ. രാജന്‍

കൊല്ലം: നിശ്ചിത കാലയളവില്‍ കോര്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ റീസര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ജില്ലയിലെ റവന്യൂ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ ബിജു, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവരോടൊപ്പം കലക്‌റേറ്റ്, ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ന്ന ചിറക്കര, കോട്ടപ്പുറം വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. റവന്യൂ വകുപ്പിന്റെ റെലീസ്, രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ പോര്‍ട്ടലുകളെ ഉപയോഗിച്ച് പോക്കുവരവ് സംബന്ധിച്ച നടപടിക്രമങ്ങളും ഇ-മാപ്പ് ക്രമീകരണങ്ങളും സംയോജിപ്പിച്ച് ഒരു ഇന്റഗ്രല്‍ പോര്‍ട്ടല്‍ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കും, മന്ത്രി പറഞ്ഞു.

100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കി ചാത്തന്നൂര്‍ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തും. സേവനങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കാന്‍ റവന്യൂ ഓഫീസുകള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയരേണ്ടത് അനിവാര്യമാണ്.  ഇടനിലക്കാരില്ലാതെ കാലതാമസം ഒഴിവാക്കി സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. അര്‍ഹരായവര്‍ക്ക് ഉത്തരവും ചട്ടങ്ങളും അനുസരിച്ച് പട്ടയവിതരണം നടത്തും. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളും, മന്ത്രി വ്യക്തമാക്കി. ജനങ്ങളാഗ്രഹിക്കുന്ന സേവനങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ മാതൃകാപരമായി നടത്തികൊടുക്കുന്ന രീതിയിലേക്ക് റവന്യൂ സംവിധാനങ്ങള്‍ മാറണമെന്ന് ജി.എസ്. ജയലാല്‍ എം.എല്‍.എ പറഞ്ഞു.

ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് നിലവാരത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ.യൂസഫ്, പുനലൂര്‍ ആര്‍.ഡി.ഒ ബി.ശശികുമാര്‍, എ.ഡി.എം. സജിതാ ബീഗം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ചാത്തന്നൂരില്‍ കൊല്ലം തഹസീല്‍ദാര്‍ എസ്.ശശിധരന്‍ പിള്ള, കൊട്ടാരക്കര തഹസീല്‍ദാര്‍ നിര്‍മ്മല്‍ കുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം