വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ല; എല്ലാവരും എന്നോട് ചോദിച്ചിട്ടല്ല തീരുമാനം എടുക്കുന്നത്’; യുവമോര്‍ച്ച നേതാക്കളുടെ കൂട്ടരാജിയില്‍ സുരേന്ദ്രന്‍

സികെ ജാനുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോഴ നല്‍കിയെന്ന വിവാദത്തിന് പിന്നാലെ വയനാട് യുവമോര്‍ച്ചയിലെ രാജിയില്‍ വ്യക്തമായി പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയിലെ ഓരോ ഘടകങ്ങളും പോഷക സംഘടനകളും തന്നോട് ചോദിച്ചിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ സുരേന്ദ്രന്റെ വാക്കുകള്‍: ”വയനാട്ടില്‍ ഒരു വലിയ പ്രശ്‌നവും നടക്കുന്നില്ല. നിങ്ങള്‍ക്കത് വലിയ പ്രശ്‌നമായിരിക്കും. ഞങ്ങളെ സംബന്ധിച്ച് അങ്ങനെയൊന്നുമില്ല. യുവമോര്‍ച്ച വയനാട് ജില്ലാ കമ്മറ്റി പിരിച്ചു വിട്ടെങ്കില്‍ അതിന്റേതായ കാരണങ്ങളുണ്ടായിരിക്കും. സികെ ജാനു വിഷയത്തില്‍ ബിജെപിക്കുള്ളില്‍ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ല. നടപടി വേറെ ഏന്തെങ്കിലും വിഷയത്തിലായിരിക്കും. അത് അന്വേഷിക്കണം. ഓരോ ഘടകങ്ങളും പോഷക സംഘടനകളും എന്നോട് ചോദിച്ചിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നത്.”

യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ പുറത്താക്കിയതിന് പിന്നാലെ സംഘടനയിലെ നിരവധി നേതാക്കളാണ് രാജി വച്ചത്. ബത്തേരി, കല്‍പ്പറ്റ മണ്ഡലം കമ്മിറ്റികളും ഏഴ് പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ദീപുവിനെയും ലലിത് കുമാറിനെയും പുറത്താക്കിയത്.

ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തന്‍പുരയില്‍. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ദീപു ചോദ്യം ചെയ്തിരുന്നു. ആര്‍ത്തിമൂത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങള്‍ ഇന്ന് തോറ്റിരിക്കുന്നുവെന്ന് ദീപു പുത്തന്‍പുര ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. താന്‍ അടക്കമുള്ള യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയത് ഏകപക്ഷീയമായ രീതിയിലാണെന്ന് ലലിത് കുമാറും പ്രതികരിച്ചു. ജാനുവിന്റെ പ്രചരണത്തിന് ഗുണം കിട്ടുന്ന രീതിയില്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല. പ്രകടന പത്രിക പോലും തയ്യാറാക്കാന്‍ നേതാക്കള്‍ തുനിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്തിരുന്നെന്നും ലളിത് കുമാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം