മലപ്പുറം: മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് സത്യവാങ്മൂലം സമര്‍പ്പിക്കണം

മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വച്ചിട്ടുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് അപേക്ഷയോടൊപ്പം അസല്‍ റേഷന്‍കാര്‍ഡും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴ, റേഷന്‍കാര്‍ഡ് സസ്‌പെന്‍ഷന്‍/റദ്ദാക്കല്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍, മറ്റു നിയമ നടപടികള്‍ എന്നിവയില്‍ നിന്നും താത്ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്.  

മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് കാര്‍ഡുടമകള്‍ക്ക്  താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇ-മെയില്‍ മുഖേന പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ പേര്, ഫോണ്‍ നമ്പര്‍, റേഷന്‍കാര്‍ഡ് നമ്പര്‍, പൊതുവിഭാഗത്തിലേക്ക് റേഷന്‍കാര്‍ഡ് മാറ്റുന്നതിനുള്ള കാരണങ്ങള്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാന്‍  കഴിയാത്ത കാര്‍ഡുടമകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസിലെയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍/റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ഔദ്യോഗിക ഫോണ്‍ മുഖേനയോ അപേക്ഷ നല്‍കാം.  

ഇത്തരം അപേക്ഷകര്‍ അപേക്ഷകന്റെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായും അറിയിക്കണം. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെയും ഫോണ്‍ നമ്പറുകള്‍ civilsupplieskerala.gov.in  എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍ വഴിയും ഫോണ്‍ മുഖേനയും അപേക്ഷ നല്‍കിയവര്‍  നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണം. സത്യവാങ്മൂലത്തിന്റെ മാതൃക റേഷന്‍കടകളിലും താലൂക്ക് സപ്ലൈ ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും.

Share
അഭിപ്രായം എഴുതാം