കരിയില കൂനയിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ

കൊല്ലം : ജനുവരി നാലിന് കല്ലുവാതുക്കൽ ഊഴായിക്കോട് കരിയില കൂനയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചതിനെ തുടർന്ന്ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും അതിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയുടെ(23)മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സഹോദരി പുത്രി ശ്രുതി എന്ന ഗ്രീഷ്മയെ (19) യെ വ്യാഴാഴ്ച മുതൽ കാണ്മാനില്ല. പോലീസ് അന്വേഷണം ശക്തമാക്കി.

സംഭവത്തെ ആസ്പദമാക്കി പോലീസ് പറയുന്നത് ഇങ്ങനെ ..

നവജാതശിശുവിന്റ മരണവുമായി ബന്ധപെട്ടുകൊണ്ട് ചോദ്യംചെയ്യാൻ വ്യാഴാഴ്ച വൈകുന്നേരം 3 30 ഓടെ ആര്യയോടും ഗ്രീഷ്മയോടും പാരിപ്പള്ളി സ്റ്റേഷനിൽ എത്താൻ പോലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ സാധനം വാങ്ങാൻ വീട്ടിൽ നിന്ന് പോയ ഇരുവരെയും വ്യാഴാഴ്ച മുതൽ കാണാതാവുകയായിരുന്നു. വീട്ടിൽ കത്ത് എഴുതിവച്ച ശേഷമാണ് ഇരുവരും അപ്രത്യക്ഷരായത്.

രേഷ്മ തങ്ങളെ ചതിക്കും എന്നും ഞങ്ങൾ പോവുകയാണെന്നുമാണ് വീട്ടുകാർക്ക് എഴുതിയ കത്തിലെ ഉള്ളടക്കം. കത്ത് കണ്ടെത്തുകയും ഇരുവരെയും കാണാതാവുകയും ചെയ്തതോടെ വീട്ടുകാർ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. ഇരുവരുടെയും മൊബൈൽ നമ്പറുകളുടെ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ആദിച്ചനല്ലൂർ ചാത്തന്നൂർ ഇത്തിക്കര മേഖലകളിൽ ഉണ്ടായിരുന്ന ഇവർ വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊല്ലം മാടൻ നാടക്ക് സമീപം ഉണ്ടായിരുന്നതായി ഫോണിന്റെ ടവർ ലൊക്കേഷൻ അനുസരിച്ച് പോലീസ് തിരിച്ചറിയുകയും എന്നാൽ പോലീസ് അവിടെ എത്തും മുമ്പേ കടന്നുകളയുകയും ചെയ്തെന്ന് പാരിപ്പള്ളി പോലീസ് പറഞ്ഞു. പിന്നീട് ചാത്തന്നൂർ ഇത്തിക്കര പാലത്തിന് സമീപം രണ്ട് യുവതികളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതായി ചിലർ പോലീസിന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഇത്തിക്കരയാറ്റിലും പരിസരത്തും പൊലീസ് തിരച്ചിൽ ആരംഭിച്ചത്. ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ച പോലീസ് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്.

യുവതികൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നറിയാനായി ബസ് സ്റ്റേഷനുകൾ റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ആശുപത്രി പരിസരങ്ങളിലും മറ്റും പോലീസ് അന്വേഷണം നടത്തിയിരുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രേഷ്മയ്ക്ക് ഇൻറർനെറ്റ് സൗകര്യം ഉള്ള ഫോൺ ഇല്ലായിരുന്നത് കൊണ്ട് അയൽവാസികളും ബന്ധുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്നാണ് രേഷ്മ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.
ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ചെന്നാൽ സ്വീകരിക്കാമെന്ന്
കൊല്ലം സ്വദേശിയായ കാമുകൻ അനന്തു ഉറപ്പ് നൽകിയത് കൊണ്ടാണ് അനന്തുവിന് ഒപ്പം ജീവിക്കാൻ വേണ്ടി രേഷ്മ ഗർഭിണിയാണെന്ന വിവരം ഭർത്താവിനോടും വീട്ടുകാരോടും മറച്ചുവെച്ച് പ്രസവശേഷം കുഞ്ഞിനെ പറമ്പിലെ കരയിലേക്ക് ഉപേക്ഷിച്ചത് എന്ന രേഷ്മ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കാമുകൻ അനന്തുവിനെയും കേസിൽ പ്രതിചേർക്കാൻ ഉദ്ദേശിക്കുന്ന പോലീസ് അതിനു മുന്നോടിയായിട്ടാണ് കാമുകനുമായുള്ള ബന്ധം പരിശോധിക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകളെ പറ്റി അറിയാനും മൊബൈൽ ഫോണിന്റെ ഉടമകളായ ആര്യയെയും ഗ്രീഷ്മയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

ഇവരുടെ തിരോധാനത്തോടെ കേസ് കൂടുതൽ സങ്കീർണമാവുകയാണ്. രേഷ്മയുടെ ഗർഭം ഉൾപ്പെടെ പല രഹസ്യങ്ങളും ഇവർക്ക് അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. ജനുവരി നാലിന് വീട്ടിലെ കുളിമുറിയിൽ പ്രസവിച്ചശേഷം രേഷ്മ കുഞ്ഞിനെ കുടുംബവകയായ വസ്തുവിലെ കരിയില കൂട്ടത്തിൽ ഉപേക്ഷിക്കുകയും തുടർന്ന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം സംഭവത്തെപ്പറ്റി യാതൊന്നും അറിയാത്ത വിധം നാട്ടുകാർക്കൊപ്പം നിന്നെങ്കിലും ഡി എൻ എ പരിശോധനയിലാണ് രേഷ്മ കുടുങ്ങിയത്.

നടക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ശ്വാസ കോശത്തിലെ അണുബാധയെത്തുടർന്ന് പിറ്റേന്ന് മരിക്കുകയായിരുന്നു. ഒരു തോർത്തുമുണ്ട് കൊണ്ട് പോലും മൂടാതെ പൊക്കിൾകൊടി പോലും മുറിയാത്ത കുഞ്ഞിനെയാണ് കരിയില കൂട്ടത്തിൽ ഉപേക്ഷിച്ചത്. കേസിൽ അറസ്റ്റിലായ രേഷ്മ റിമാൻഡിലാണ്.

Share
അഭിപ്രായം എഴുതാം