കരിയിലകൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി; ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ തുടങ്ങി

കൊല്ലം: കരിയിലകൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കൊല്ലം ഊഴാനിക്കോട് ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയെയും സഹോദരിയുടെ മകളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. 24/06/21 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിരുന്നു പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായത്. ഇവര്‍ക്കായി ഇത്തിക്കരയാറില്‍ തിരച്ചില്‍ നടത്തുകയാണ് പൊലീസ്.

ജനുവരി അഞ്ചാം തീയതിയാണ് സുദര്‍ശന്‍ പിള്ളയുടെ പറമ്പില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിള്‍ ഡിഎന്‍എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തി.

വിവാഹിതയായ രേഷ്മയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളോടൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് രേഷ്മ പ്രസവിച്ചശേഷം കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചതെന്നാണ് വിവരം. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും തിരുവനന്തപുരത്ത് ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിക്കുകയായിരുന്നു

Share
അഭിപ്രായം എഴുതാം