ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പൂര്‍ണമായും തിരിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പൂര്‍ണമായും തിരിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശ്മീരുമായി ബന്ധപ്പെട്ട് 24/06/21 വ്യാഴാഴ്ച കേന്ദ്ര സർക്കാർ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് നിയസഭാ തിരഞ്ഞെടുപ്പ് വൈകിക്കില്ല. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയും ഇതിനോട് അനുകൂലമായ സമീപനം സ്വീകരിച്ചതായാണ് സൂചന. ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി ബ്ലോക്ക് ലെവല്‍ തിരഞ്ഞെടുപ്പ് നടന്നതായും ജില്ലാ വികസന കൗണ്‍സിലുകളിലൂടെ പുതിയ തലത്തിലുള്ള ജനാധിപത്യം സൃഷ്ടിക്കപ്പെട്ടുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പോളിംഗ് പഞ്ചായത്തുകളെയും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാളും 51% കൂടുതലാണ്, നിലവിലെ 4,483 സര്‍പഞ്ചുകളില്‍ 3,650 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. വികസനത്തിനായി മൂവായിരം കോടി രൂപയുടെ സാന്പത്തിക അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറിയതായി കേന്ദ്രം അറിയിച്ചു.

യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്ന് കേന്ദ്രം രാഷ്ട്രീയ പാര്‍ടി പ്രതിനിധികളോട് പറഞ്ഞു. സ്കില്‍ ഇന്ത്യയുടെ സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരില്‍ കോവിഡ് വാക്സിനേഷന്‍ വളരെ സുഗമമായി നടത്തിവരുന്നു.

ജനാധിപത്യം എത്രത്തോളം സുഗമമായി പുനഃസ്ഥാപിക്കാമെന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇത് താഴ്വരയിലെ വികസനത്തിലും സഹായകരമാകുമെന്നും വെളിപ്പെടുത്തുന്നു. ആര്‍ട്ടിക്കിള്‍ 370 വിഷയം കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗത്തില്‍ ഉറപ്പ് നല്‍കി.

കശ്മീരിലെ മുന്‍കാല നാല് മുഖ്യമന്ത്രിമാരടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ 14 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം