ഒന്നും ഓര്‍ഡര്‍ ചെയ്തില്ല; യുവതിക്ക് ആമസോണില്‍ നിന്ന് ലഭിച്ചത് 150 പാഴ്സലുകള്‍

ഓര്‍ഡറൊന്നും നല്‍കാതെ ഒരു സ്ത്രീയെ തേടി ആമസോണില്‍ നിന്ന് എത്തിയത് നൂറ് കണക്കിന് പാഴ്സലുകള്‍. ന്യൂയോർക്കിലെ ജിലിയന്‍ കാനന്‍ എന്ന സ്ത്രീക്കാണ് എവിടെനിന്ന് എന്നറിയാതെ നിരവധി പാഴ്സലുകള്‍ വന്നത്. വീടിന്‍റെ മുന്‍വശം കാണാന്‍ പോലും കഴിയാത്ത വിധം പാഴ്സലുകളാല്‍ നിറഞ്ഞു.

ജൂൺ 5 മുതലാണ് പാഴ്സലുകള്‍ വരാന്‍ തുടങ്ങിയതെന്ന് ജിലിയന്‍ പറഞ്ഞു. തന്‍റെ ബിസിനസ് പങ്കാളി ഓര്‍ഡര്‍ ചെയ്തതാവും എന്നാണ് ആദ്യം കരുതിയത്. എന്നും പാഴ്സലുകള്‍ വരാന്‍ തുടങ്ങിയതോടെ ഇതെന്തോ തട്ടിപ്പാണെന്ന് തോന്നി. അല്ലെങ്കില്‍ ആരോ ഗോഡൌണിലെ സാധനങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ചെയ്യുന്നതാവുമെന്ന് കരുതി. ഉടന്‍ തന്നെ ആമസോണ്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു. വഴിതെറ്റി തനിക്ക് പാഴ്സലുകള്‍ ലഭിച്ചെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആ വിലാസത്തിലേക്ക് തന്നെയാണ് പാഴ്സലുകള്‍ അയച്ചിരിക്കുന്നതെന്നും തിരിച്ചെടുക്കാനാവില്ലെന്നും ആമസോണ്‍ എക്സിക്യുട്ടീവ് പറഞ്ഞെന്ന് ജിലിയന്‍ കാനന്‍ വിശദീകരിച്ചു.തുടര്‍ന്ന് ചില പെട്ടികള്‍ തുറന്നു നോക്കിയപ്പോള്‍ ഫേസ് മാസ്കിനുള്ളില്‍ ഉപയോഗിക്കുന്ന സിലിക്കൺ‌ സപ്പോർ‌ട്ട് ഫ്രെയിമുകളാണ് കണ്ടത്. ഇതിനിടയിലും പാഴ്സലുകൾ വന്നുകൊണ്ടേയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 150 പാഴ്സലുകള്‍. എല്ലാം യുവതിയുടെ വിലാസത്തില്‍ തന്നെ. റിട്ടേണ്‍ അഡ്രസ് ഇല്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ട്രാക്കിംഗ് നമ്പര്‍ തിരഞ്ഞും ബാർ കോഡുകൾ സ്കാൻ ചെയ്തും പാഴ്സലിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ചു.

ഒടുവില്‍ യഥാര്‍ഥ ഉടമയെ ആമസോണ്‍ കണ്ടെത്തി. ലഭിച്ച സാധനങ്ങള്‍ തിരിച്ചെടുക്കാം അല്ലെങ്കില്‍ ആര്‍ക്കെങ്കിലും നല്‍കാമെന്ന് ധാരണയായി. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാസ്ക് നിര്‍മിക്കാനായി നല്‍കി. യുവതിക്കും കുടുംബത്തിനുമുണ്ടായ അസൌകര്യത്തില്‍ ആമസോണ്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം