സിനിമ നിര്‍മ്മിക്കാന്‍ പണം പിരിച്ച് തട്ടിപ്പ്; പേരാവൂർ, കോളയാട് സ്വദേശികൾക്കെതിരെ പരാതി

കൂത്തുപറമ്പ്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍ രംഗത്ത്. ഭീഷ്മ കലാസാംസ്‌കാരിക വേദി പേരാവൂര്‍ എന്ന സംഘടനയുടെ ബാനറിൽ പേരാവൂർ സ്വദേശി മനോജ് താഴെപുഴയില്‍, കോളയാട് സ്വദേശി മോദി രാജേഷ്,ഉരുവച്ചാൽ സ്വദേശി ചോതി രാജേഷ് എന്നിവർ ‘ഓര്‍മയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് സിനിമയിൽ അഭിനയിച്ചവരും വഞ്ചിക്കപ്പെട്ടവരുമായ ഒൻപതോളം പേർ ചേർന്ന് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.

സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനവുമായി മൂവരും ചേർന്ന് പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവില്‍ ഇവര്‍ പല തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതിക്കാര്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, ഫോട്ടോകളും പത്ര വാര്‍ത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.

അഭിനയിപ്പിക്കുന്നതിനായി പലരില്‍ നിന്നും പതിനായിരം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ കൈപ്പറ്റിയിട്ടുണ്ട്. വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലായപ്പോള്‍ ഈ തുക തിരിച്ചു ചോദിച്ചുവെങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാല്‍ മാത്രമെ പടം റിലീസാക്കാന്‍ കഴിയുകയുള്ളു എന്നുമാണ് പറയുന്നത്.

വടകര, പേരാവൂർ, പേരളശ്ശേരി, ഇരിട്ടി, വേങ്ങാട് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് നടത്തിയത് അഭിനേതാക്കളിൽ നിന്ന് പണം വാങ്ങിയാണ്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പണം തട്ടലാണ് ഇവർ ചെയ്യുന്നതെന്നും സിനിമ മേഖലയിൽ യാതൊരു രജിസ്ട്രേഷൻ പോലും ഇവർക്കില്ലെന്നും പരാതിയിൽ പറയുന്നു. കായലോട് സ്വദേശിനിയാണ് ഇവർക്ക് സഹായങ്ങൾ ചെയ്യുന്നത്. സിനിമയിൽ നായികയുടെ മകളുടെ വേഷത്തിന് ആറു പേരിൽ നിന്നും നായികയുടെ ബാല്യകാല വേഷത്തിന് മൂന്നു പേരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ തുക ഇവർ തട്ടിയെടുത്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതി കൊടുത്താല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് നിലവില്‍ കുട്ടികളെയുള്‍പ്പടെ ഇവര്‍ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുന്നതായും രജനി എം. വേങ്ങാട്. ഇ. വിനയകുമാര്‍, ശ്രീഷ്മ എന്നിവര്‍ കണ്ണൂരിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം