ഭർത്താവിനെ പൊലീസ് വിട്ടയച്ചു; വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. 23/06/21 ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചിരുന്നു. സുരേഷിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചനയെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് തിരികെ എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ ഉറുമ്പിനെ കത്തിക്കാനെന്നായിരുന്നു സുരേഷ് പറഞ്ഞതെന്നും അശോകന്‍ വ്യക്തമാക്കുന്നു.

അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സുരേഷ് ഒളിവില്‍ പോയിരുന്നു. പിന്നീടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നിരുന്നത്. സുരേഷിന്റെ വീട്ടുകാര്‍ നിരന്തരം തങ്ങളോട് പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറയുന്നു.

Share
അഭിപ്രായം എഴുതാം