കൊവിഡ് ചികിത്സ; മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി

കൊച്ചി: കൊവിഡ് ചികിത്സയ്‌ക്കെത്തുന്നവരുടെ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. ഇത്തരത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്വകാര്യ ആശുപത്രികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ ഉത്തരവ് തടയുന്നതായും 23/06/21 ബുധനാഴ്ച വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികള്‍ക്ക് മുറിവാടക നിശ്ചയിക്കാനുള്ള തീരുമാനം രോഗികളില്‍ നിന്നും കൊള്ള ലാഭം ഈടാക്കുന്ന സ്ഥിതിയിലേക്കെത്തിക്കുമെന്ന് പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കൊവിഡ് ചികിത്സ സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ഇളവ് അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുറിവാടക നിരക്ക് പോലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു.

ഇതിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച് സര്‍ക്കാര്‍ രംഗത്തെത്തുകയും ചെയ്തു. വിഷയത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളോട് കൂടിയ ഉത്തരവ് ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്കും മറ്റുമായി കൊള്ളവില ഈടാക്കുന്നത് സംബന്ധിച്ച് പരാതിയും, ഹൈക്കോടതി ഇടപെടലിനെയും തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ചികിത്സ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ ഇതില്‍ മുറിവാടക സംബന്ധിച്ച് അവ്യക്തത ഉണ്ടായിരുന്നു. അതില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ മുറിവാടകയില്‍ തീരുമാനമെടുക്കാമെന്ന് അറിയിച്ചത്. വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങളില്‍നിന്നുമാത്രം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്നായിരുന്നു ഈ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

ഉത്തരവ് പ്രകാരം വാര്‍ഡ്, ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങളില്‍ നേരത്തെ നിശ്ചയിച്ച നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ജനറല്‍ വാര്‍ഡുകളില്‍ പരമാവധി 2,910 രൂപയും ഹൈഡിപന്‍ഡന്‍സി യൂണിറ്റില്‍ 4,175 രൂപയും ഐസിയുവില്‍ 8580 രൂപയും വെന്റിലേറ്റര്‍ ഐസിയുവില്‍ 15,180 രൂപയുമാണ് പ്രതിദിന നിരക്ക്. എന്നാല്‍ പുതിയ ഉത്തരവ് വഴി രോഗികളില്‍ നിന്നും ആശുപത്രികളുടെ താല്‍പര്യപ്രകാരം മുറിവാടക ഈടാക്കാന്‍ പുതിയ ഉത്തരവ് വഴിവെക്കും എന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം