സേലം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട്ടിലെ സേലത്ത് പൊലീസ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. എടയപ്പട്ടി സ്വദേശി മുരുകേശനാണ് (40) ആണ് മരിച്ചത്. മദ്യപിച്ച ശേഷം കൂട്ടുകാരുമൊന്നിച്ച് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ചെക്ക്പോസ്റ്റില്‍ വച്ച് പോലിസുകാര്‍ വാഹനം തടഞ്ഞതോടെ വാക്കുതര്‍ക്കം ഉടലെടുക്കുകയും മുരുകേശന്‍ പോലിസിനോട് തട്ടിക്കയറുകയുമായിരുന്നു. അതിനിടെ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പെരിയസ്വാമി മുരുകേശനെ ലാത്തി കൊണ്ട് തല്ലുകയായിരുന്നു. ഒരു മണിക്കൂറോളമാണ് പൊലീസ് ഇദ്ദേഹത്തെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. തല്ലരുതെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ പൊലീസുകാരൻ മുരുകേശനെ തുടര്‍ന്നും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 22/06/21 ചൊവ്വാഴ്ച സേലം ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായ പരുക്കേറ്റിരുന്നു. അടിയേറ്റ് ബോധരഹിതനായി നിലംപതിച്ച മുരുകേശനെ ഉടന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം അറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ സേലം പോലിസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.