ഉത്തർപ്രദേശിൽ ഇത്തവണ ബി.ജെ.പി. നിലംപൊത്തും; സമാജ് വാദി പാര്‍ട്ടി 300 സീറ്റുകള്‍ പിടിക്കുമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിലം പൊത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 23/06/21 ബുധനാഴ്ച ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.

യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

‘മുഖ്യധാര പാര്‍ട്ടികളുമായുള്ള എന്റെ അനുഭവം അത്ര സുഖകരമല്ല. ഒരിക്കലും അത്തരം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല,’ അഖിലേഷ് പറഞ്ഞു. 403 സീറ്റുകളുള്ള യു.പി. നിയമസഭയില്‍ ഇത്തവണ 300 സീറ്റുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.

അതേസമയം യു.പി. ബി.ജെ.പിയില്‍ അസ്വാരസ്യം ഉയര്‍ന്നുവരികയാണെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ.ശര്‍മയെ മര്‍മ പ്രധാനമായ സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍.

Share
അഭിപ്രായം എഴുതാം