തിരുവനന്തപുരം: പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച മാനേജിംഗ് ഡയറക്ടർ, മികച്ച മാനേജ്‌മെന്റ്, ഗവേഷണപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഓഫീസർ, മാതൃകാ തൊഴിലാളി എന്നീ വിഭാഗങ്ങളിൽ ആയിരിക്കും പുരസ്‌കാരങ്ങൾ നൽകുക. പുരസ്‌കാരങ്ങൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും തെരഞ്ഞെടുപ്പു രീതി നിർദ്ദേശിക്കുന്നതിനും കോഴിക്കോട് ഐ ഐ എമ്മിനെ ചുമതലപ്പെടുത്തും.

മാനേജിംഗ് ഡയറക്ടർമാർ, ജനറൽ മാനേജർമാർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർക്ക് അക്കാദമിക – മാനേജ്‌മെന്റ് മേഖലകളിൽ പരിശീലനം നൽകുന്നതിനും തീരുമാനിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണ, മാനേജ്‌മെന്റ് സ്ഥാപനങ്ങളുമായി ചേർന്നായിരിക്കും പരിശീലന പരിപാടി സംഘടിപ്പിക്കുക. പുതിയ സാങ്കേതിക, മാനേജ്‌മെന്റ് രീതികൾ പരിചയപ്പെടുത്തുന്നതിനുള്ള റിഫ്രഷർ കോഴ്‌സുകളും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Share
അഭിപ്രായം എഴുതാം