കടയ്ക്കാവൂരിൽ മാതൃത്വത്തിന്റെ വിശുദ്ധിയ്ക്ക് കാവലായത് കോടതി;

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നാടിനാകെ അപമാനമായ തീർത്തും വ്യാജമായ ഒരു കേസുണ്ടായതിനു പിന്നിലുളളത് പൊലീസിന്റെ അമിതാവേശം. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിമൂന്നുകാരന്റെ പരാതി വ്യാജമാണെന്ന ഉന്നതല അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെ കടയ്ക്കാവൂരിലെ പൊലീസുകാരുടെ ഈ അമിതാവേശമാണ് വെളിയിൽ വന്നത്.

മാതൃത്വത്തെ അവിശ്വസിക്കാത്ത കോടതിയുടെ വാക്കുകളാണ് അമ്മയ്‌ക്ക് നീതി ഉറപ്പാക്കിയത്. ജാമ്യ ഹർജിയിൽ വിശദമായ വാദം കേട്ട ജസ്റ്റിസ് വി. ഷേർസിയാണ് നിർണായകമായ ഇടപെടലിലൂടെ സത്യം കണ്ടെത്താൻ വഴിയൊരുക്കിയത്. മുൻ ഭാര്യയോടുള്ള വിരോധം തീർക്കാൻ ഭർത്താവ് പതിമൂന്നുകാരനായ മകനെകൊണ്ട് നൽകിയ പരാതിയും കേട്ട് കടയ്ക്കാവൂർ സ്റ്റേഷനിലെ പൊലീസ് ചാടി ഇറങ്ങിയതോടെയാണ് നാല് കുട്ടികളുടെ അമ്മയായ 37കാരി ജയിലിലായത്.

ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിച്ചതാണ് കേസിനാധാരമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി കൊടുപ്പിച്ചതെന്ന് ഇളയ കുട്ടി അന്നേ വെളിപ്പെടുത്തിയെങ്കിലും പൊലീസ് വകവച്ചിരുന്നില്ല.

കുട്ടിയുടെ പരാതിക്ക് മുമ്പു തന്നെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബക്കോടതിയെയും സമീപിച്ചിരുന്നു. പരാതി വെള്ളം തൊടാതെ വിഴുങ്ങിയ പൊലീസ് അമ്മയ്ക്കെതിരെ തെളിവുണ്ടെന്ന് നിരന്തരം ആവർത്തിച്ചു. ഇതുകേട്ട് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനും നിലപാടെടുത്തെങ്കിലും അത് വിശ്വസിക്കാൻ കോടതി അയ്യാറായില്ല.

അമ്മയ്ക്കെതിരെ ലഭിച്ച പരാതിയിൽ പ്രാഥമികാന്വേഷണം നടത്താതെയും ആധികാരികത ഉറപ്പാക്കാതെയുമാണ് പൊലീസ് നടപടിയെടുത്തതെന്ന് ഉറപ്പിച്ചു പറഞ്ഞ ഹൈക്കോടതി, അമ്മയ്ക്ക് ജാമ്യം അനുവദിച്ചു. നേരത്തേ പൊലീസിന്റെ വാദങ്ങൾ വിശ്വസിച്ച തിരുവനന്തപുരം പോക്‌സോ കോടതി കേസ് വിശ്വസനീയമാണെന്ന് നിലപാടെടുത്തു.

യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കളും ഒരേസ്വരത്തിൽ പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടിരുന്നില്ല.

Share
അഭിപ്രായം എഴുതാം