പത്തനംതിട്ട: ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണം: മുഖ്യമന്ത്രി

പത്തനംതിട്ട: ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു.

ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ല ആധുനിക യോഗ. ആത്മീയമായോ മതപരമായോ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭിക്കാതെ വരും. മതത്തിന്റെ കള്ളിയിലൊതുക്കിയാല്‍ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെടും. അത് സംഭവിക്കാന്‍ പാടില്ല. അതിനാല്‍ യോഗയുടെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തി അത് പ്രചരിപ്പിക്കുന്നതിന് യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. യോഗ ഏതെങ്കിലും ദിനാചരണത്തിന്റെ ഭാഗമായി മാത്രം ഓര്‍ക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിലാകെ ആരോഗ്യവും ശാന്തിയും ഉറപ്പുവരുത്താന്‍ യോഗ സഹായിക്കും. യോഗാഭ്യാസം ശാസ്ത്രീയമായ വ്യായാമ മുറയാണ്. അത് അഭ്യസിക്കുന്നത് മനസിനുകൂടി ആരോഗ്യം പകരും. യോഗയിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊര്‍ജം വര്‍ധിപ്പിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

Share
അഭിപ്രായം എഴുതാം