എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകൾ, ട്രയൽ ഒരാഴ്ച കൂടി

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.

പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ ജൂണ്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്സില്‍ പുനഃസംപ്രേഷണം ചെയ്യും.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യും.

ക്ലാസുകളും സമയക്രമവും തുടർച്ചയായി www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും.

Share
അഭിപ്രായം എഴുതാം