തെരഞ്ഞെടുപ്പ് കമ്മീഷന്റെ 24 മണിക്കൂർ വിലക്ക്, പ്രതിഷേധ സൂചകമായി ഗാന്ധി പ്രതിമയ്ക്കുമുന്നിൽ ചിത്രം വരച്ച് മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് തന്നെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഒറ്റയാൾ പ്രതിഷേധം. 13/04/21 ചൊവ്വാഴ്ച രാവിലെ ചിത്രം വരച്ചു കൊണ്ടാണ് മമത പ്രതിഷേധിച്ചത്.

മായോ റോഡ് വെന്യുവിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് മമത ചിത്രം വരച്ചുകൊണ്ട് പ്രതിഷേധിച്ചത്.

പ്രതിഷേധിച്ച സ്ഥലത്ത് തൃണമൂല്‍ നേതാക്കളാരും തന്നെയുണ്ടായിരുന്നില്ല. മമത ഒറ്റയ്ക്കാണ് പ്രതിഷേധിക്കുന്നതെന്നും പ്രതിഷേധിക്കുന്നിടത്തേക്ക് ഒരു തൃണമൂല്‍ നേതാവിനെപ്പോലും കയറ്റുന്നില്ലെന്നും ഒരു മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

24 മണിക്കൂറാണ് മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 12/04/21 തിങ്കളാഴ്ച രാത്രി എട്ടു മണിക്കാരംഭിച്ച വിലക്ക് ചൊവ്വാഴ്ച രാത്രി 8 വരെ നീളും.

ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു മമതയുടെ ഒറ്റയാള്‍ പോരാട്ടം.

രണ്ട് വിഷയത്തിലും മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ മമത നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് മമതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം