വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രി കടയില്‍ കണ്ടെത്തിയ സംഭവം, നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും : മുല്ലപ്പളളി

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടത്തില്‍ വനിത സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയം പഠിക്കാന്‍ കെപിസിസി നേതൃത്വത്തില്‍ അന്വേഷണ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗത്തില്‍ അന്വേഷണം നടത്തുമെന്നും ഈ സംഭവത്തിന് പിന്നില്‍ നേതാക്കന്മാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നിരവധി പേര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നെന്നും നിരവധി ചര്‍ച്ചകൾക്കുശേഷമാണ് വീണയെ തീരുമാനിച്ചതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തനിക്ക് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

Share
അഭിപ്രായം എഴുതാം